---
title: "സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും"
english_title: "MV Govindan will continue as CPM state secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275513/MV Govindan will continue as CPM state secretary"
published_at: "2025-03-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cd574cb1c90_1000615926.jpg"
keywords: []
---

# സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും

> **Lead Summary:** 24-ാം പാർടി കോൺ ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മാർച്ച് 6 മുതൽ 9 വരെ നാലു ദിവസങ്ങളിലായി കൊല്ലത്തുവച്ചായിരുന്നു സംസ്ഥാന സമ്മേളനം.

## Article Content

24-ാം പാർടി കോൺ ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മാർച്ച് 6 മുതൽ 9 വരെ നാലു ദിവസങ്ങളിലായി കൊല്ലത്തുവച്ചായിരുന്നു സംസ്ഥാന സമ്മേളനം.

കണ്ണൂർ ജില്ലയിലെ മൊറാഴയിൽ ജനിച്ച എം വി ഗോവിന്ദൻ ഡിവൈഎഫ്ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഎം കാസർകോട് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാണ്. സംസ്‌ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണ‌ൻ അനാരോഗ്യത്തെ തുടർന്ന് സ്‌ഥാനം ഒഴിഞ്ഞതോടെ 2022 ആഗസ്‌തിൽ എം വി ഗോവിന്ദന് പകരം ചുമതല നൽകുകയായിരുന്നു.

ദേശാഭിമാനിയുടെയും മാർക്‌സിസ്റ്റ് സംവാദത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്, കർഷകത്തൊഴിലാളി മാസികയുടെ ചീഫ് എഡിറ്റർ.

തളിപ്പറമ്പിൽനിന്ന് മൂന്നുതവണ എംഎൽഎയും 2021ലെ മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ്, എക്സൈസ് മന്ത്രിയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275513/MV Govindan will continue as CPM state secretary)